വൈശികം

വർധമാനഗിരിയുടെ മുകളിലെ ഉരുണ്ട കരിങ്കൽ ശിലകൾക്കിടയിൽ കാലുറപ്പിച്ച് വളർച്ച മുരടിച്ചൊരു വനസ്പതിയുടെ ശാഖിയിൽ മുറുകെ പിടിച്ച് ഹരിത കമ്പളം പോലെയുള്ള താഴ്‌വരയിലേക്ക് സൂക്ഷിച്ച് നോക്കി. ഗോല മലയ്ക്കും കർന വനത്തിനും ചമന താഴ്‌വരക്കുമപ്പുറത്ത് നിന്ന് പീതവർണ്ണ പതാകയേന്തി ദേവപുരം ലക്ഷ്യമിട്ട് മാഗധ രാജ്യത്തിന്റെ രഥങ്ങൾ വരുന്നുണ്ടോ കൊമ്പ് കുഴൽ വാദ്യഘോഷങ്ങളും നായാട്ട് നായ്ക്കളുമായ് ആർത്തലച്ച് ഭേരി മുഴക്കി കാടും നാടുമിളക്കി പൊടിപടർത്തി നാഗരികർ കുതിക്കുന്നുണ്ടോ.... കൂട്ടമായ് പറക്കുന്ന പതംഗങ്ങൾ പോലെയുള്ള അന്തിമേഘങ്ങൾക്ക് ചെമപ്പ് ചാന്ത് പകർന്ന് സൂര്യൻ എരിഞ്ഞടങ്ങാറായി.  ഇല്ല, ഇന്നുമില്ല...  താഴ്ന്ന് വന്നൊരു മേഘക്കീറ്‌ ഉത്തരീയം തട്ടിമാറ്റി ദേഹത്തെ തഴുകി തണുപ്പിച്ച് കടന്നു പോയി.  പിറകെ കാറ്റിന്റെ അടുക്കുകൾക്കിടയിലൂടെ മൂവനാപുരത്തെ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശംഖൊലി കേട്ടു.  സന്ധ്യാ പൂജയ്ക്ക് സമയമാ‍യി.  ഇപ്പോ വിളിക്കുമെന്ന് ഓർത്തതേയുള്ളൂ. അപ്പോഴേക്കും “ആവണീ” എന്ന വിളി പാറക്കെട്ടുകൾക്ക് താഴെ നിന്നും തേടിവന്നു.  ഇനിയും നിന്നാൽ കൂട്ടുകാരികൾ വിട്ട് പോയ്ക്കളയും.  കറുത്തിരുണ്ട കരിങ്കൽക്കൂട്ടങ്ങൾ പിടിച്ച് ശ്രദ്ധാപൂർവ്വം ഇറങ്ങി.  അൽ‌പ്പം താഴെ ഗുഹ പോലുള്ള ഒഴിഞ്ഞ സ്ഥലത്ത് അവർ; നിപുമയും, നവമിയും, മാനവിയും,പിയൂലയും ധൃതി കൂട്ടി നിൽക്കുന്നുണ്ട്.

“ആരാധനക്ക് സമയായി ഇന്ന് വഴക്ക് കിട്ടിയത് തന്നെ..”  മാനവിയും സഖിമാരുമൊക്കെ ദ്വേഷ്യത്തിലാണ്.  എന്നേക്കാൾ ഇളപ്പമാണെല്ലാവരും എന്നാലും വർത്തമാനമൊക്കെ കടുപ്പം.  ഇപ്പോൾ ഒന്നും പറയണ്ട, വർധമാനഗിരി കയറാൻ ഇനി വന്നില്ലയെങ്കിലോ.  ഞങ്ങളുടെ ദേശമായ ദേവപുരത്തെ പടിഞ്ഞാറേ അതിർത്തിയിലാണ് വർധമാനഗിരി.  ഇതിന്റെ മുകളിൽ കയറിയാൽ ദൂരെ ചമന സമതലത്തിലൂടെ ദേവപുരത്തേക്ക് വരുന്ന ദ്ദൂതൻ‌മാരെയും വണിക്കുകളേയും യാത്രികരേയും അകലെ നിന്നേ കാണാം.  പൌർണ്ണമി നാൾ അടുത്തതിനാൽ മല കയറാൻ വീണ്ടും വീണ്ടും തോന്നൽ ഉദിക്കുന്നു.  തനിച്ച് വരാൻ ഭയമായതിനാൽ കൂട്ടുകാരികളെ മോദകവും വെണ്ണയുമൊക്കെ കൊടുത്ത് പ്രലോഭിപ്പിച്ച് കൊണ്ട് വരും.  ധൃതിയിൽ കാട്ടുവഴിയിലൂടെ ഓടിയിറങ്ങുന്ന അവരുടെ പിന്നാലെ ഒന്നും പറയാതെ അനുഗമിച്ചു.  വീട്ടിലെത്തി ആരെയും കാണാതെ മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് നേത്രായനിയിൽ മുങ്ങിക്കയറി.  ചുറ്റുപാടും ഇരുട്ടിൻ കരിമ്പടം പുതച്ചിരിക്കുന്നു. സന്ധ്യ ആയതിനാൽ സ്ത്രീകൾ കുറവ്.  ആരോടും സംസാരിക്കാൻ നിന്നില്ല.  അമ്മയുടെ വഴക്ക് ഉറപ്പാണ്.  കുളക്കരയിലെ കൂവളത്തിന്റെ ഇരുൾമറയിൽ ഈറൻ മാറ്റി ധൃതിയിൽ വീട്ടിലേക്ക് കുതിച്ചു. 

കൊലുസ്സിന്റെ ശബ്ദം പോലുമുണ്ടാക്കാതെ പിൻ‌വാതിലിലൂടെയാണ് കയറിയത്.  അമ്മയെ എവിടെയും കാണുന്നില്ല.  ചീനു അമ്മൂമ്മയുടെ സന്ധ്യാ പ്രാർത്ഥനകൾ മുന്നിൽ നിന്നു കേൾക്കുന്നുണ്ട്.  മട്ടുപ്പാവിലെ ക്രീഡാമുറിയുടെ വാതിൽ അടഞ്ഞിരിക്കുന്നു.  ഹാവൂ.. അമ്മയ്ക്ക് വിരുന്നുകാരുണ്ട്, വഴക്ക് കിട്ടുമെന്ന് പേടിക്കണ്ട.  “എന്താ വൈകിയത് ആവണീ..” വീട്ടുകാര്യങ്ങൾ ചെയ്യുന്ന ദാസി മല്ലികയാണ്.  “വർധമാനഗിരിയിൽ പോയിരുന്നു.. വിരുന്നുകാരൻ ആരാണ് മല്ലീ..”  “ജംബുപുരത്തിലെ ഒരു പ്രഭുവാണ്.. മോൾ വരൂ ഭക്ഷണം കഴിക്കാം..”  അവളുടെ കൂടെ പോയി ഭക്ഷണം കഴിച്ച ശേഷം മുന്നിലേക്ക് പോയി.  ഭവനത്തിലേക്കുള്ള കയറ്റപ്പടികൾക്ക് താഴെ കുതിരവണ്ടിയുണ്ട്.  അമ്മയുടെ കൂടെയുള്ള പ്രഭുവിന്റേതാകും.  അതിന്റെ വണ്ടിക്കാരൻ കുതിരയെ തൊട്ട് മിനുക്കി നടക്കുന്നുണ്ട്.  ‌വിളക്കിന്റെ മുന്നിലിരുന്ന് ചീനൂമ്മ പ്രാർത്ഥന ചൊല്ലുകയാണ്.  ഏറ്റു ചൊല്ലി ശാഖിനിയും മാലിവമുണ്ട് മുന്നിൽ.  അവരുടെ പിറകിൽ പോയി ശബ്ദമുണ്ടാക്കാതെ ഇരുന്നു.  “എത്തിയോ” ചീനൂമ്മയുടെ മുഖം തെളിഞ്ഞിട്ടില്ല.  കുറച്ച് നാളുകളായി ഈ ദ്വേഷ്യം തുടങ്ങിയിട്ട്.  എന്നെ കുലത്തൊഴിലിന് വിടാൻ അമ്മ സമ്മതിക്കാത്തതിന്റേതാണ്.  സീമന്തിനി ഇളയമ്മയുടെ മകൾ നിതാരിണി എന്റെയും ഇളയതാണ്, അവൾ ഇപ്പോൾ സ്വന്തമായി ധനം സമ്പാദിക്കുന്നുണ്ട്.  കൂടെ കളിച്ചു വളർന്നവരൊക്കെ വരുമാനം ഉണ്ടാക്കിത്തുടങ്ങി.  പലരുടേയും മാംഗല്യവും കഴിഞ്ഞു.  ചീനൂമ്മ കുറേ നാളായി ഇതും പറഞ്ഞ് വഴക്ക് കൂടുന്നു.  അമ്മ സമ്മതിക്കില്ല.  എന്നെ യുവരാജാവിനെക്കൊണ്ട് കന്യാച്ഛേദം നടത്തിക്കുമെത്രെ.  അത് അമ്മയുടെ നെടുനാളത്തെ ആഗ്രഹമാണ്.  പണ്ട് എന്റെ കുട്ടിക്കാലത്ത് മാകൈ വനത്തിൽ നായാട്ടിന് വന്ന മഹാരാജാവിന്റെ കൂടെ അമ്മ ഒരു രാത്രി പങ്കിട്ടിരുന്നെത്രെ.  അമ്മയുടെ പാട്ടിലും നൃത്തത്തിലും പരിചരണത്തിലും സപാഠ്യത്തിലും അക്ഷരമുഷ്ടികാ കഥനത്തിലും സം‌പ്രീതനായ മഹാരാജാവ് കുംഭം നിറയെ പണവും ആഭരണങ്ങളും കൃഷി ചെയ്യാൻ വയലുകളും പതിച്ച് നൽകുകയുണ്ടായി.  അങ്ങനെയാണ് ദേവപുരത്ത് ഞങ്ങൾ കൂട്ടരേക്കാൾ നല്ല സ്ഥിതിയിലെത്തിയത്. 

യുവരാജാവിന് എന്നെ ഇഷ്ടപ്പെട്ടാൽ കൊട്ടാരത്തിൽ കൊണ്ട് പോയി രാജ്ഞിയായി വാഴിക്കുമെന്നാണ് അമ്മ പറയുന്നത്.  അതി സുന്ദരനാണെത്രെ കുമാരൻ.  പതിനാലു കലകളും ഭരണവും തർക്കവും ആയോധനവും പഠിച്ചവൻ.  രാജ്യഭരണം പോലും ഇപ്പോൾ നടത്തുന്നത് യുവരാജാവാണെന്നാണ് സൂതന്മാരുടെ വർത്തമാനങ്ങൾ.  പൌർണ്ണമി ദിവസം മാകൈയിൽ നായാട്ടിന് കൊട്ടാരവാസികൾ വരാറുണ്ട്.  ദേവപുരത്താണ് അവരുടെ കൈനിലകൾ കെട്ടുന്നത്.  രാജാവിനും മന്ത്രിമാർക്കും കാഴ്ചവെക്കാൻ സുന്ദരിമാരെ തേടി രാജതോഴൻ‌മാർ ദേവപുരത്ത് എത്തും.  ഇവിടെയുള്ള സ്ത്രീകൾക്കും പുരുഷൻ‌മാർക്കും വർഷം കഴിയാനുള്ളത് കിട്ടും.  അന്ന് രാജകുമാരന് സമർപ്പിക്കാനാണ് ഋതുമതിയായിട്ടും അമ്മ എന്നെ ദേശത്താർക്കും കൊടുക്കാതെ നിർത്തിയിരിക്കുന്നത്.  രാജകുമാരനൊന്നും വരില്ലാന്ന് പറഞ്ഞ് ചീനൂമ്മ അമ്മയുമായി ശണ്ഠയുണ്ടാക്കും.  നാട്ടുകാര്യസ്ഥൻ വീരകർണനും ഗ്രാമമുഖ്യൻ ഗോദലനും ക്ഷേത്ര പൂജാരി ഭാവേന്ദ്രനുമൊക്കെ എന്റെ കൂടെ ശയിക്കണമെന്ന് പറഞ്ഞ് രജസ്വല ആയത് മുതൽ പല തവണ വന്നിട്ടുണ്ട്.  അമ്മയുടെ അടുത്ത് അവരുടെ ഭത്സനങ്ങളൊന്നും പോവില്ല.  അമ്മയ്ക്ക് വശീകരണ കലകൾ ഹൃദിസ്ഥമാണ്.  സ്പൃഷ്ടമോ വിദ്ധകമോ നിമിതകമോ മാല്യഗ്രഹണമോ ചൂഡാമണിയോജനയോ പ്രയോഗിച്ച് അവരെയൊക്കെ ആകർഷിച്ച് വരുതിയിലാക്കി സന്തോഷിപ്പിക്കും.  ആ വൃത്തികെട്ടവൻ‌മാരെ എനിക്കിഷ്ടമല്ല.  അവരുടെ കൂടെ ശയിക്കേണ്ടി വന്നാൽ പിന്നെ നേത്രായനിയിൽ മരിക്കുന്നത് തന്നെ നല്ലത്.  എനിക്ക് അമ്മയെയും വംശക്കാരെയും പോലെ അനേക പരിഗ്രഹയാകണ്ട, ഏകപരിഗ്രഹയായാൽ മതി.  ഒരൊറ്റ പുരുഷൻ, അത് മതി.  ഞങ്ങളുടെ കുലപ്പെരുമക്കും ആചാരത്തിനും വിഘാതമാണത്.  ഒരിക്കൽ ഇത് പറഞ്ഞപ്പോൾ ചീനൂമ്മ എന്നെ ശകാരിച്ച് തളർത്തിക്കളഞ്ഞു.  എന്നാലും ഞാൻ പിൻ‌മാറില്ല. 

മാലിവൻ ഉറക്കം തൂങ്ങി തലകുമ്പിട്ട് പോയി, പാവം.!  ചീനൂമ്മ അത് കണ്ട് തലക്കൊരു കിഴുക്ക് വെച്ചു കൊടുത്തു.  അവൻ ഞെട്ടി എന്തൊക്കെയോ ചൊല്ലാൻ തുടങ്ങി.  ഹഹ.. അവന്റെ കളി കണ്ടാൽ ചിരിച്ച് പോകും.  അവനെന്റെ കുഞ്ഞി അനുജനാണ്.  നല്ല രസമാണ് അവന്റെ കൂടെ കളിക്കാൻ.  പക്ഷേ ചീനൂമ്മക്കും അമ്മക്കും അച്ഛനും അവനെ ഇഷ്ടമല്ല.  ആൺ‌കുട്ടികളെ കൊണ്ട് കുടുംബത്ത് ഉപകാരമുണ്ടാകില്ലെത്രെ.  ഞങ്ങളുടെ കുലത്തിലെ എല്ലാ കുടുംബത്തിലെയും പോലെ അച്ഛൻ കൃഷിയും കാര്യങ്ങളും നടത്തി കഴിയുകയാണ്.  അമ്മയാണ് എല്ലാം നോക്കി ഭരിക്കുന്നത്.  പെൺ‌കുട്ടി ആയിരുന്നെങ്കിൽ രജസ്വല ആയയുടൻ ധനം സമ്പാദിക്കാമല്ലോ.  ദേശത്തെല്ലാം പെൺകുഞ്ഞ് പിറന്നാൽ ഉത്സവമാണ്.  ഏതെങ്കിലും വീട്ടിൽ നിന്നും കുരവയും ഡോലക്കിന്റെ കൊട്ടലും കേട്ടാൽ ഉറപ്പിക്കാം അവിടെ പെൺ‌കാലു വന്നെന്ന്.   

മട്ടുപ്പാവിലെ ക്രീഡാ മുറിയുടെ വാതിൽമണികൾ ചിലച്ചു.  എഴുന്നേറ്റ് ഓടി മുറിയിൽ കയറി വാതിലടച്ചു.  വിരുന്നുകാരുടെ മുന്നിൽ പെട്ടു പോകരുതെന്ന് അമ്മയുടെ ആജ്ഞയാണ്.  പെട്ടാൽ എന്താ ഉണ്ടാവുകയെന്ന് പറയാനേ വയ്യ.  എന്നാലും അമ്മയെ എതിർക്കാനുള്ള ധൈര്യമൊന്നും അവർക്കുണ്ടാവില്ല.  ചെമ്പഴുക്ക നിറവും ഇളം നീല മിഴികളും കടുംചുവപ്പ് ചുണ്ടുകളുമായി ദേശത്തെ ഏറ്റവും സുന്ദരിയാണ് എന്റെയമ്മ മധുരമണി.  മൂന്ന് മക്കളുടെ അമ്മയാണെന്ന് ആരും പറയില്ല.  അത് മാത്രമല്ല, അമ്മയെ പോലെ ശ്രുതിമധുരമായി പാടി നൃത്തം ചെയ്യാൻ അടുത്തൊന്നും ഒരു പെണ്ണില്ല.  ചുറ്റുമുള്ള വീടുകളിലൊന്നും വിരുന്നുകാർ ഇല്ലെങ്കിലും അമ്മയുടെ അറപ്പുര വാതിൽ അടഞ്ഞിരിക്കും.  അത് കൊണ്ട് നാട്ടിലെ പെണ്ണുങ്ങൾക്ക് അമ്മയോട് കുശുമ്പാണ്.  അമ്മയുടെയത്ര സൌന്ദര്യമൊന്നും എനിക്ക് കിട്ടിയിട്ടില്ല പോലും.  ജോഗിതിമാരും നട്ടുവനുമാണ് ദേശത്തെ കുട്ടികളെ കലകൾ പഠിപ്പിക്കുന്നത്.  എന്നെ ഗാനവും നൃത്തവും ആലേഖ്യവും ഭക്ഷ്യക്രിയയും സൂചിവാനവും വീണാവായനയും വൈജയവിദ്യയും മാനസകാവ്യക്രയവും നിമിത്തജ്ഞാനവുമെല്ലാം പഠിപ്പിച്ചത് അമ്മ തന്നെയാണ്.  പക്ഷേ അമ്മയുടെ ശിക്ഷണം ഇത്തിരി കടുപ്പം തന്നെയാണ്.  മൂത്ത പുളിങ്കൊമ്പ് എണ്ണയിൽ മുക്കി കനലിൽ കാച്ചി ലോഹം പോലെയാക്കി പഠനമുറിയിൽ വെച്ചിട്ടുണ്ട്.  പിഴവ് പറ്റിയാൽ അതിനെക്കൊണ്ട് നല്ല ശിക്ഷ കിട്ടും.  ആലിംഗനം, ചുംബനം, നഖലേഖനം, ദന്തച്‌ഛേദ്യം, പ്രഹണനം, സംവേശനം, സീൽകൃതം ഇങ്ങനെ സുരതകലകളുടെ വിവരണം കേൾക്കുമ്പോ അയ്യേ.. നാണം കൊണ്ട് ഞാൻ മുഖം പൊത്തും.  അമ്മയുടെ ചൂരൽ അപ്പോ ഉയരും.

*     *     *     *
ഇന്ന് അമ്പലത്തിൽ എന്താണിത്ര ആൾക്കൂട്ടം! പൌർണ്ണമി അടുത്തത് കൊണ്ടായിരിക്കും.  ഈ ദേശത്തൊന്നും കാണാത്ത ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു.  ദീപാരാധനക്ക് ക്ഷേത്ര നട അടക്കാനായില്ലല്ലോ.   നിപുമയും, നവമിയും, മാനവിയും,പിയൂലയുമൊക്കെ നാട്യമണ്ഡപത്തിൽ ഇരുന്ന് ശ്ലോകം ചൊല്ലുകയാണ്.  മണ്ഡപത്തിലെ കരിങ്കൽത്തൂണുകളിലെ ജീവൻ തുടിക്കുന്ന ശിൽ‌പ്പങ്ങൾ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു.  ദേവദാസിമാരുടെ ആട്ടം കാണാൻ ഗന്ധർവ്വന്മാർ പ്രതിമകളായി തൂണിൽ ഒളിഞ്ഞിരിക്കുന്നതാണ് അവയെന്നാണ് പുരാണം.  ചീനൂമ്മയുടെ അമ്മയുടെ കാലത്ത് ക്ഷേത്രത്തിലെ പൂജയും കാര്യങ്ങളും ഞങ്ങളുടെ പെണ്ണുങ്ങളായിരുന്നെത്രെ നിർവ്വഹിച്ചിരുന്നത്.  അന്ന് വളരെ ബഹുമാനവും സ്ഥാനവുമുണ്ടായിരുന്നു എല്ലായിടത്തും.  അവർ മരിച്ചാൽ അമ്പലത്തിലെ ദേവന്റെ മാല അണിയിക്കും.  അമ്പലത്തിലെ അടുക്കളയിലെ അടുപ്പിൽ നിന്നായിരിക്കും അവരുടെ ചിതയ്ക്കുള്ള തീ എടുക്കുന്നത്.  ചന്ദനമരം കൊണ്ടാണ് മൃതശരീരം ദഹിപ്പിക്കുന്നത്.  വിശേഷ ദിവസങ്ങളിൽ വലിയ ആളുകളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നെത്രെ.  അങ്ങനെ പണ്ടത്തെ പ്രൌഢിയേപ്പറ്റി പറഞ്ഞാൽ തീരില്ല ചീനൂമ്മക്ക്. കൊട്ടാര സമമായ മണിമാളികയിൽ അനേക ദാസികളുമായി സകല സൌഭാഗ്യങ്ങളോടും കൂടെ കഴിയണ്ടവരായിരുന്നു.  പിന്നീട് ക്ഷേത്ര മതിൽക്കെട്ടിനു പുറത്തേക്ക് വലിച്ചെറിയപ്പെട്ടതും സ്ഥാനമാനങ്ങളും ബഹുമാനവുമൊക്കെ ഇല്ലാതായതും വരുന്നവർക്കും പോകുന്നവർക്കുമൊക്കെ വിശപ്പടക്കാനുള്ള ഒരു ഇടത്താവളമായി മാറിയതുമൊക്കെ പതം പറഞ്ഞിരിക്കും ചില നേരത്ത്.  അന്നത്തെ ആളുകൾ എത്ര ഭാഗ്യവതികൾ..!  ഇന്നും അങ്ങനെ ആയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു..  കൃഷ്ണനെ കഴുകി കുളിപ്പിച്ച് പട്ടുവസ്ത്രങ്ങളും ചന്ദനവും കളഭവുമൊക്കെ പൂശി നിത്യപൂജകൾ നടത്തി എന്നും ക്ഷേത്രത്തിൽ  തന്നെ കഴിയാമായിരുന്നു. 

യുവരാജാവ് നായാട്ടിന് വരണേ എന്നും അദ്ദേഹത്തിന് എന്നിൽ പ്രിയം തോന്നണേ എന്നും കൃഷ്ണനോട് ഉള്ളുരുകി പ്രാർത്ഥിച്ച് തൊഴുത് നടയിറങ്ങുമ്പോഴാണ് ധൃതിപിടിച്ച് ഒരു സംഘം ആളുകൾ കയറിപ്പോകുന്നത് കണ്ടത്.  ദേവപുരത്തുകാരല്ല മറുനാട്ടുകാരാണെന്ന് തോന്നുന്നു.  അതിലൊരു യുവാവ് നോക്കുന്നത് എന്നെ തന്നെയാണല്ലോ.  ദൃഢതയാർന്ന പാദങ്ങൾ കനത്തിൽ വെച്ച് നടക്കുമ്പോഴും ഒപ്പമുള്ളവരുടെ വാക്കുകൾക്ക് ശിരസ്സനക്കുന്നുണ്ടെങ്കിലും കണ്ണടക്കാതെ തന്നിലേക്ക് മാത്രമാണയാ‍ളുടെ ശ്രദ്ധ.  വിടർന്ന നെറ്റിയിൽ ഗോരോചനക്കുറി, പിന്നിലേക്ക് ചീകിയൊതുക്കിയ ചുരുൾമുടികൾ, വെളുത്ത് വൃത്തിയുള്ള മേൽ‌വസ്ത്രങ്ങളും ദോത്തിയും, ഉരുക്ക് പോലെയുള്ള ദേഹം, നീണ്ട ബാഹുക്കൾ.  കാന്തശക്തിയുള്ള ആ മിഴികളുടെ കരുത്തിൽ തോറ്റ് പിന്തിരിയാതിരിക്കാനായില്ല.  ഇത്ര സുമുഖനും ആകർഷവാനുമായ യുവാവിനെ ഈ ദേശത്തൊന്നും കണ്ടിട്ടില്ല.  ക്ഷേത്ര വാതിൽ കടക്കുന്നത് വരെ അദ്ദേഹം തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു.  അൽ‌പ്പം മുന്നിലെത്തിയിരുന്ന നിപുമ ‘വായോ‘ എന്ന് വിളിച്ചപ്പോഴാണ് സ്വയം മറന്ന നിമിഷങ്ങൾക്ക് അറുതിയായത്. 

വീട്ടിലേക്ക് തിരികെ എത്തിയത് എങ്ങനെയായിരുന്നെന്ന് ഓർമ്മയില്ല. മനസ്സിലും ശരീരത്തിനും ഭാരമില്ലാതായി.  അത് വരെ ഇല്ലാതിരുന്നൊരു അനുഭവമായിരുന്നു.  ഉൾപ്പുളകപ്പൂക്കളുടെ തേരിലായിരുന്നു പിന്നെയുള്ള നിമിഷങ്ങൾ.  എന്തോ അജ്ഞാതമായ വർണങ്ങൾ സ്വപ്നങ്ങൾ.. ഭാവനകൾ.. തോന്നലുകൾ.. പാതിരാത്രി കഴിഞ്ഞിട്ടും നിദ്ര അടുക്കാതെ പിണക്കം തന്നെ.  പിന്തിരിഞ്ഞ് പോകുന്ന ആൺസ്വരൂപന്റെ തിളങ്ങുന്ന മിഴികൾ മാത്രം ഉള്ളിൽ.. രാവിലത്തെ നൃത്തപാഠങ്ങളിൽ അത് വരെ പറ്റാത്ത പിഴവുകൾ സംഭവിച്ചു.  അമ്മയുടെ വഴക്ക് കിട്ടുന്നതിനു മുൻപ് ഒട്ടും വയ്യെന്ന് പറഞ്ഞ് അന്നത്തേത് നിർത്തി.  വരച്ച് തുടങ്ങിയൊരു ചിത്രം പൂർത്തിയാക്കാൻ നോക്കി പരാജയപ്പെട്ടു.  മനസ്സ് സമ്പൂർണ്ണമായി ആ യുവാവിന് കീഴ്‌പ്പെട്ടിരിക്കുന്നു.  ഇനി എന്നെങ്കിലും കാണുമോ..  വൈകുന്നേരം ക്ഷേത്രത്തിൽ കാണുമായിരിക്കും.  പോയി നോക്കാം. അതിന്റെ ആശ്വാസത്തിൽ പിന്നെ നിമിഷങ്ങൾക്ക് വേഗത പോരാതെയായി തോന്നി. 

സൂര്യകിരണങ്ങൾക്ക് മങ്ങലേറ്റപ്പോൾ തന്നെ കൂട്ടുകാരികളെ കൂട്ടി നേത്രായനിയിൽ പോയി സ്നാനം നടത്തി.  അവരെ തിരക്ക് കൂട്ടി പെട്ടെന്ന് ക്ഷേത്രത്തിലേക്ക് നയിച്ചു.  നൃത്തമണ്ഡപത്തിലും ചുവർചിത്രങ്ങൾ നോക്കിയും കുറേ സമയം കഴിച്ചുകൂട്ടി.  എവിടെയും അയാളെ കണ്ടില്ല.  ആൾക്കൂട്ടത്തിലും പ്രദക്ഷിണ വഴിയിലും എല്ലാം സൂക്ഷ്മമായി വീക്ഷിച്ചെങ്കിലും ആ കോമളരൂപം മാത്രം ഇല്ലായിരുന്നു.  സന്ധ്യാ ആരാധന പൂജ കഴിഞ്ഞ് പ്രസാദം വാങ്ങി തിടപ്പള്ളിയിലെ വെള്ളോട്ട് കണ്ണാടി നോക്കി നെറ്റിയിൽ തൂകി തിരിയുമ്പോൾ തൊട്ടു പിന്നിൽ!  ഞെട്ടി വിറച്ചുപോയി.. “നാം മാഗധത്തിലെ യുവരാജാവ് സുപർണ്ണദത്തൻ.. നീ ആര്..” മുഴങ്ങുന്ന വാക്കുകൾ.  ഇരച്ചുകയറിയ രക്തഛവി ശിരസ്സിന്റെ ഭാരം കൂട്ടിയോ... മുഖം പൊന്തിയില്ല.  “അടിയൻ.. ദേവപുരത്തെ ഒരു ദേവ പദ ദാസിയാണ് മധുരമണിയെന്നാണ് മാതാവിന്റെ നാമം” വിറച്ച് കൊണ്ട് പറഞ്ഞൊപ്പിച്ചു.  “ഉം” ഗാംഭീര്യമധുരമാർന്ന ആ മൂളലിന്റെ നിശബ്ദത നീണ്ടു നിന്നപ്പോൾ പതുക്കെ മുഖമുയർത്തി.  കണ്ണുകൾ തമ്മിൽ അടയാതെ അനേക നിമിഷങ്ങൾ അതോ യുഗങ്ങളൊ!! 

ആ നിൽ‌പ്പ് അവസാനിച്ചത് മാലിവൻ വന്ന് ഉത്തരീയത്തിൽ പിടിച്ച് വലിച്ചപ്പോഴാണ്.  പിന്തിരിയാനും പിരിയാനും മനസ്സുണ്ടായതേയില്ല.  ക്ഷേത്രാങ്കണത്തിലെത്തി എവിടെയെന്ന് നോക്കിയപ്പോൾ അല്പം അകലെയായി പിന്തുടരുന്നു.. ശരീരം മുഴുവൻ ഒരു കുളിർക്കാറ്റ് വന്ന് മൂടി.  കാത്ത് കാത്തിരുന്ന ദിവസങ്ങൾ വന്നു ചേർന്നപ്പോൾ എങ്ങനെ പെരുമാറണം എന്നറിയുന്നില്ല.  യുവരാജാവ് കിരീടമോ അംഗവസ്ത്രങ്ങളൊ സേവകർ പോലുമില്ലാതെ വേഷപ്രച്ഛന്നനായി എഴുന്നള്ളിയതെന്തേ..?  രാജഭരണത്തിൽ ഛലിതകയോഗവും പെടുന്നുണ്ടല്ലോ.  അങ്കണവും വാണിഭപ്പുരകളും കഴിഞ്ഞ് ഗൃഹത്തിലേക്കുള്ള വഴി തിരിയാനായപ്പോൾ ശ്രദ്ധിച്ചു.  ഉണ്ട് പിറകിൽ തന്നെ..  കൂട്ടുകാരികൾ അവരുടെ വഴിയിലേക്ക് തിരിഞ്ഞു.  വീടിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ഒന്നൂടെ നോക്കി..  ഇങ്ങോട്ടേക്ക് തന്നെയാണല്ലോ കൃഷ്ണാ.. അമ്മ പറഞ്ഞു തന്ന വശീകരണ പാഠങ്ങളൊന്നും അപ്പോൾ ഓർമ്മ വന്നില്ലെങ്കിലും യുവരാജാവ് തന്നിൽ അനുരക്തനായെന്നു തോന്നുന്നു.  വിറയലവസാനിക്കാതെ വീടിന്റെ കൽക്കെട്ടുകൾ കയറി.  ചീനൂമ്മയുടെ പ്രാർഥനാശബ്ദം കേൽക്കുന്നുണ്ട്.  വീതിയേറിയ നെറ്റിയിൽ വലിയ ചെങ്കുങ്കുമപ്പൊട്ടും കഴുത്തിൽ പൊന്നശോകപ്പൂമാലയും കടും നിറത്തിലുള്ള ചേലയുമിട്ട് അമ്മ തളത്തിന്റെ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ട്. ആശ്വാസമായി..  ധൃതിയിൽ നടന്ന് വാതിലിനു മറഞ്ഞു നിന്നു.  ആദ്യമായാണ് ഒരു യുവാവിനെ ഇങ്ങനെ ആഗ്രഹത്തോടെ നോക്കുന്നത്.  നാണിച്ച് വാതിൽ ദേഹം ചേർത്തു നിന്നു.  അമ്മയോടെന്താവും അദ്ദേഹം പറയുന്നത്? രാജകുമാരനിതാ എന്നിൽ ഭ്രമിച്ച് ഗൃഹാങ്കണത്തിൽ..  എന്റെ മിടുക്ക് ഇന്നെങ്കിലും കാണട്ടെ.  കുലത്തൊഴിലിൽ സാമർഥ്യമില്ലാത്തവളല്ലെന്ന് മനസ്സിലാക്കട്ടെ.  അമ്മയ്ക്ക് സന്തോഷമാകും തീർച്ച.  എത്ര നാളത്തെ കാത്തിരിപ്പാണ്. ചീനൂമ്മ എന്തു പറയുമിനി? ഇന്ന് നടക്കാൻ പോകുന്ന കന്യാഛേദത്തെയോർത്ത് തളർന്നുപോയ ശരീരം വാതിൽ‌പ്പാളിയിൽ ചാരി കാത് കൂർപ്പിച്ചു.

അമ്മയോട് എന്തോ സംസാരിക്കുകയാണ്. അമ്മ ഇന്ന് എന്നത്തേക്കാളും സുന്ദരിയായിരിക്കുന്നു..! നെയ്‌‌വിളക്കിന്റെ വെളിച്ചത്തിൽ ചെമ്പട്ടിട്ട സന്ധ്യാ‍ർക്കനെ പോലെ ജ്വലിക്കുന്നു.  നേപഥ്യവിരുത് തെളിയിക്കാൻ പുതുവസ്ത്രങ്ങൾ, പൊൻ‌കുങ്കുമം കൊണ്ട് വിശേഷകച്‌ഛേദ്യം, ശംഖിന്റെ കർണപത്രം, അരുണ ദശനവസനാംഗമിട്ട ചൊടികളും നഖങ്ങളും, മുല്ലപ്പൂ കൊണ്ട് ശിരസ്സിൽ ചൂഡാമണിയോജന..  അദ്ദേഹത്തിനോട് എന്തിനാണിത്രയധികം സന്തോഷിച്ച് പറയുന്നത്.. ആരും ഭ്രമിച്ചു പോകുന്ന സംസാരമാണ് അമ്മയ്ക്ക്. ആ യുവാവിന്റെ തീക്ഷ്ണ നയനങ്ങളിലും കാ‍മമാണോ? എന്റെ കൃഷ്ണാ..!! എന്നുമുള്ള വിരുന്നുകാരനെ പോലെ അകത്തേക്ക് ക്ഷണിക്കുകയാണല്ലൊ...  ഒരു നിമിഷം ആ മിഴികളെന്റെ നേർക്ക് തങ്ങി നിന്നു, പിന്നെ അമ്മയുടെ പിന്നാലെ പടികൾ ചവിട്ടി മട്ടുപ്പാവിലെ ക്രീഡാഗൃഹത്തിലേക്ക് നടന്നു. അറപ്പുരയുടെ വാതിൽ മണികൾ നടുക്കമുണർത്തി പിടഞ്ഞു. നെഞ്ചിലൂടെ കീറിമുറിച്ച് പോയ ശരം പകർന്നത് അടങ്ങാത്ത തീക്കനലുകളായിരുന്നു... ഒന്നും ചെയ്യാനാവാതെ നിശ്ചലമായി നിൽക്കാനേ കഴിഞ്ഞുള്ളൂ.  കൺ‌മുന്നിൽ നിമിഷമാത്രയിൽ വീട്ടിൽ ഒരു ഉത്സവാഘോഷങ്ങൾ സൃഷ്ടിക്കപ്പെട്ടു.  മല്ലിക വിശേഷ ഭക്ഷണങ്ങളും പാനീയങ്ങളും ഉണ്ടാക്കാൻ അങ്ങുമിങ്ങും ഓടുന്നു, ചീനൂമ്മ പ്രാർഥന നിർത്തി ഓടി വന്ന് “മോള് മിടുക്കിയാണല്ലോ..” എന്ന് പറയുന്നു, അയൽക്കാർ എത്തി നോക്കുന്നു..  മട്ടുപ്പാവിൽ നിന്നും സുന്ദരഗാന വാദനങ്ങൾ, ചിലങ്കയുടെ ദ്രുതചലനങ്ങൾ, വളകളുടെ പൊട്ടിച്ചിരികൾ, ചേലാഞ്ചലത്തിന്റെ മർമ്മരങ്ങൾ എന്തൊക്കെയോ കേൾക്കുന്നു
ഒന്നും, ഒന്നുമേ അറിഞ്ഞില്ല. ഏത് ക്രമമായിരിക്കും അമ്മ ക്ഷീര നീരകം.. തിലതാണ്ഡൂലം.. അവപീഡിതകം.. ഛേ. തല പെരുക്കുന്നു ഒന്നും കേൾക്കാൻ വയ്യ പോകാം.. എവിടേക്കെങ്കിലും

പുലരിയിൽ ദേവപുരത്ത് എത്തിയ ബാലാർക്കന്റെ ആദ്യകിരണങ്ങൾ ചുംബിച്ചത് നേത്രായനിയിൽ താമരപ്പൂക്കൾ ലാളിക്കുന്ന ആവണിയുടെ നിശ്ചല ശരീരത്തിലായിരുന്നു.

സുഹൃത്ത് സംഗമം – ആലപ്പുഴ – 2012


ല്ല സൌഹൃതം എന്നത് സന്തോഷമാണ്. ഉത്തമ സുഹൃത്ത് എന്നത്  ഒരു സമാധാനവുമാണ്. ഈ സമാധാനത്തെ നേടുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവുമാണ്. ഇങ്ങനെയുള്ള സൌഹൃദങ്ങള്‍ക്ക് അതിരുകളോ, ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല പകരം ഒരു ചിന്ത, ഒരാശയം, ഒരേ ലക്ഷ്യം മാത്രമാണുള്ളത്. സുഹൃത്തിന്റെ പ്രശ്നങ്ങള്‍ തന്റെ പ്രശ്നങ്ങളായി കണ്ടു അതിനു പരിഹാരം കാണുകയും, അവന്റെയോ അവളുടെയോ സന്തോഷത്തില്‍ സന്തോഷിക്കുകയും, ദുഃഖത്തില്‍ കൈതാങ്ങായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഒരു ഉത്തമ സൌഹൃതം ജനിക്കുന്നത്. സൌഹൃദങ്ങള്‍ക്ക് അതിരുകള്‍ ഇല്ല എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഓണ്‍ലൈന്‍ സൌഹൃത കൂട്ടായ്മകള് .   ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവര്‍ ഒരുപക്ഷേ എന്നും കാണുന്നവരെക്കാള്‍ ഊഷ്മളതയോടെ സുഖാന്വേഷണങ്ങള്‍ നടത്തിയും, സമൂഹത്തിലെ നമ്മ-തിന്‍മ്മകളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയും, സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ച് കൊടുത്തും അവര്‍ തങ്ങളുടെ സമൂഹത്തോടുള്ള കടമ നിറവേറ്റുന്നു.


അങ്ങനെയുള്ള ഒരു കൂട്ടായ്മയാണ് സുഹൃത്ത്.കോം. ഇവിടെ ഉള്ളവര്‍ക്കിടയില്‍ അതിരുകളോ, വേലികെട്ടുകളോ ഇല്ല പകരം കറ തീര്‍ന്ന സൌഹൃദത്തിലൂടെ സമൂഹ നന്‍മ്മ എന്ന ലക്ഷ്യം മാത്രം.സുഹൃത്ത്.കോംമിന്റെ പ്രഥമ തത്വം തന്നെ അംഗങ്ങളുടെ എണ്ണമല്ല തമ്മിലുള്ള ബന്ധമാണ് വലുത് എന്നതാണ്. അനേകായിരം മൈലുകള്‍ക്കപ്പുറമിപ്പുറമിരുന്ന് അടുത്തുള്ള  ഒരു ആല്‍ത്തറയില്‍ എന്നപോലെ കളിയും ചിരിയും ഇത്തിരി സൌന്തര്യ പിണക്കങ്ങളും കൂട്ടത്തില്‍ കാലിക പ്രസക്തിയുള്ള  ചര്‍ച്ചകളും,രചനകളും വായിക്കുക എന്നത് ഏതൊരാള്‍ക്കും നവോന്മേഷം നല്‍കുന്നതാണ്.സുഹൃത്തിലെ ഒരു സുഹൃത്തിന്റെ ദേഹവിയോഗത്താല്‍ ദുഃഖിതരായ കുടുംബത്തിന് വേണ്ട ആശ്വാസം നല്‍കിയതിലൂടെ കണാമറയത്തുള്ള സൌഹൃദത്തിന്റെ ശക്തി ഒരിക്കല്‍ കൂടി വെളിവാക്കി.

സുഹൃത്ത്.കോം അതിന്റെ മൂന്നാം വാര്‍ഷികം ഈ മാസം 26-നു ആലപ്പുഴയില്‍ വെച്ചു  പ്രൌഡ ഗംഭീരമായി  ആഘോഷിക്കുവാന്‍ പോകുകയാണ്.



ആ സുദിനത്തില് വെച്ചു,  ജീവിതത്തില്‍ ഒറ്റപ്പെട്ടു നിരാശ്രയരായ വൃദ്ധ മാതാപിതാക്കമ്മാരുടെ സാനിധ്യത്തില്‍ അന്നദാനം നടത്തി അവരുടെ അനുഗ്രഹത്താല്‍ ഈ വര്‍ഷത്തെ സാമൂഹിക ഉന്നമനത്തിനായി മൂന്നു പദ്ധതികള്‍ക്ക് തുടക്കം കുറിയ്കുകയാണ്.


ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ണ്ണ വിജയമാകട്ടെ എന്നു ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു.... ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വെറും നേരമ്പോക്കായി കാണുന്നവര്‍ക്കുള്ള വ്യക്തമായ ഒരു മറുപടിയാണ് ഈ സൌഹൃത കൂട്ടം.

സൌഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ കാരണം പരിശുദ്ധമായ സൌഹൃദങ്ങള്‍ എപ്പോഴും ഒരു ഭാഗ്യമാണ്.

( താഴെയുള്ള ഷെയറിങ് ബട്ടന്‍വഴി താങ്കള്‍ ഇത് ഷെയര്‍ ചെയ്യുമല്ലോ)

സത്യമേവ ജയതേ .. സത്യം മാത്രം ജയിക്കട്ടെ


     എന്ത് രസമായിരുന്നു അത് വരെ. എനിക്ക് മൂന്നു വയസ്സായിരുന്നു. എന്നത്തേയും പോലെ അന്നും ഞാന്‍ കുളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. മിക്കപ്പോഴും അങ്കിള്‍ ആണ് കുളിപ്പിക്കുന്നത്. എന്നാല്‍ പതിവില്ലാതെ അങ്കിള്‍ വല്ലാത്ത ഒരു നോട്ടം നോക്കുന്നത് കണ്ടു. പെട്ടെന്ന് എന്നെ അതിശയപ്പെടുത്തിക്കൊണ്ട് അങ്കിള്‍ സ്വയം വിവസ്ത്രനായി. കുളിക്കാന്‍ വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചു വച്ച് വെള്ളത്തില്‍ കളിക്കുകയായിരുന്ന എന്നെ അയാള്‍ ... പിന്നെയുള്ള വര്‍ഷങ്ങള്‍... ലോകത്ത് ഞാന്‍ ഏറ്റവും പേടിച്ചത് ആണുങ്ങളെയാണ്. ഓരോ ആണും ഇങ്ങനെ ചെയ്തേക്കാം എന്ന് ഞാന്‍ ഭയന്നു. ഒടുവില്‍ പത്തു വയസ്സായപ്പോള്‍ എന്റെ അമ്മയോട് ഞാന്‍ ഇത് തുറന്നു പറഞ്ഞു. പക്ഷെ എന്റെ അമ്മ എന്നെ വിശ്വസിച്ചില്ല. അമ്മയ്ക്ക് സ്നേഹക്കുറവോ അല്ലെങ്കില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടോ അല്ല. ഇക്കാര്യം മാത്രം എത്ര പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. എന്നെ ആദ്യമായി വിശ്വസിച്ചത് എന്റെ വളര്‍ത്തു നായ മിക്കി ആണ്. എന്റെ വിഷമം മനസ്സിലാക്കിയിട്ടെന്ന വണ്ണം അവന്‍ എന്റെ ഒപ്പം നടന്നു. എന്റെ കട്ടിലില്‍ കിടന്നു. ഒരു മനുഷ്യന് നല്കാവുന്നതില്‍ കൂടുതല്‍ വിശ്വാസവും സ്നേഹവും അവന്റെ മുഖത്ത് ഞാന്‍ കണ്ടു . ഒടുവില്‍ നീണ്ട പതിനൊന്നു വര്‍ഷത്തെ പീഡനത്തിന്   ശേഷം ഒരു ദിവസം ഞാന്‍ അലറിക്കരഞ്ഞു കൊണ്ട് നോ എന്ന് വിളിച്ചു കൂവി.. 
ഹരിഷ് അയ്യര്‍ - മുംബൈ 

    പ്രശസ്ത ബോളിവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഹരീഷിന്റെ വാചകങ്ങള്‍ ആണ് മേല്‍ കൊടുത്തത്. ശിശു ലൈംഗിക പീഡനത്തെ പറ്റി ആയിരുന്നു ഈ എപിസോഡ്. ഇത് പോലെ തന്നെ ശൈശവ കാലത്ത് പീഡിപ്പിക്കപ്പെട്ട പലരും അവരുടെ അനുഭവങ്ങളും അതിന്റെ ദുരന്തത്തില്‍ നിന്ന് എങ്ങനെ പുറത്തു വന്നു എന്നും ഈ പരിപാടിയില്‍ സ്വയം തുറന്നു പറയുന്നത് കണ്ടു. ആദ്യം വെറുതെ ഡ്രാമ സൃഷ്ടിക്കാനുള്ള ഒരു ശ്രമം ആയി തോന്നിയെങ്കിലും പിന്നീട് എനിക്ക് മറിച്ചാണ് തോന്നിയത്. പണം ഉണ്ടാക്കുക തന്നെ ചാനലിന്റെ ലക്ഷ്യമെങ്കിലും ഈ പരിപാടി അതില്‍ പങ്കെടുക്കുന്നവരുടെ സത്യസന്ധത കൊണ്ടും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്തം തന്നെയാണ്. ശിശു പീഡന വാര്‍ത്തകള്‍ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായി നമ്മളെ സ്പര്‍ശിക്കുന്ന രീതിയില്‍ ഒരുപക്ഷെ ഇതാദ്യമായിട്ടയിരിക്കും. അമീര്‍ ഖാന്റെ വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അവതരണവും പരിപാടിയുടെ നേട്ടമാണ്. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 




സത്യമേവ ജയതേ .. സത്യം മാത്രം ജയിക്കട്ടെ


     എന്ത് രസമായിരുന്നു അത് വരെ. എനിക്ക് മൂന്നു വയസ്സായിരുന്നു. എന്നത്തേയും പോലെ അന്നും ഞാന്‍ കുളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. മിക്കപ്പോഴും അങ്കിള്‍ ആണ് കുളിപ്പിക്കുന്നത്. എന്നാല്‍ പതിവില്ലാതെ അങ്കിള്‍ വല്ലാത്ത ഒരു നോട്ടം നോക്കുന്നത് കണ്ടു. പെട്ടെന്ന് എന്നെ അതിശയപ്പെടുത്തിക്കൊണ്ട് അങ്കിള്‍ സ്വയം വിവസ്ത്രനായി. കുളിക്കാന്‍ വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചു വച്ച് വെള്ളത്തില്‍ കളിക്കുകയായിരുന്ന എന്നെ അയാള്‍ ... പിന്നെയുള്ള വര്‍ഷങ്ങള്‍... ലോകത്ത് ഞാന്‍ ഏറ്റവും പേടിച്ചത് ആണുങ്ങളെയാണ്. ഓരോ ആണും ഇങ്ങനെ ചെയ്തേക്കാം എന്ന് ഞാന്‍ ഭയന്നു. ഒടുവില്‍ പത്തു വയസ്സായപ്പോള്‍ എന്റെ അമ്മയോട് ഞാന്‍ ഇത് തുറന്നു പറഞ്ഞു. പക്ഷെ എന്റെ അമ്മ എന്നെ വിശ്വസിച്ചില്ല. അമ്മയ്ക്ക് സ്നേഹക്കുറവോ അല്ലെങ്കില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടോ അല്ല. ഇക്കാര്യം മാത്രം എത്ര പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. എന്നെ ആദ്യമായി വിശ്വസിച്ചത് എന്റെ വളര്‍ത്തു നായ മിക്കി ആണ്. എന്റെ വിഷമം മനസ്സിലാക്കിയിട്ടെന്ന വണ്ണം അവന്‍ എന്റെ ഒപ്പം നടന്നു. എന്റെ കട്ടിലില്‍ കിടന്നു. ഒരു മനുഷ്യന് നല്കാവുന്നതില്‍ കൂടുതല്‍ വിശ്വാസവും സ്നേഹവും അവന്റെ മുഖത്ത് ഞാന്‍ കണ്ടു . ഒടുവില്‍ നീണ്ട പതിനൊന്നു വര്‍ഷത്തെ പീഡനത്തിന്   ശേഷം ഒരു ദിവസം ഞാന്‍ അലറിക്കരഞ്ഞു കൊണ്ട് നോ എന്ന് വിളിച്ചു കൂവി.. 
ഹരിഷ് അയ്യര്‍ - മുംബൈ 

    പ്രശസ്ത ബോളിവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഹരീഷിന്റെ വാചകങ്ങള്‍ ആണ് മേല്‍ കൊടുത്തത്. ശിശു ലൈംഗിക പീഡനത്തെ പറ്റി ആയിരുന്നു ഈ എപിസോഡ്. ഇത് പോലെ തന്നെ ശൈശവ കാലത്ത് പീഡിപ്പിക്കപ്പെട്ട പലരും അവരുടെ അനുഭവങ്ങളും അതിന്റെ ദുരന്തത്തില്‍ നിന്ന് എങ്ങനെ പുറത്തു വന്നു എന്നും ഈ പരിപാടിയില്‍ സ്വയം തുറന്നു പറയുന്നത് കണ്ടു. ആദ്യം വെറുതെ ഡ്രാമ സൃഷ്ടിക്കാനുള്ള ഒരു ശ്രമം ആയി തോന്നിയെങ്കിലും പിന്നീട് എനിക്ക് മറിച്ചാണ് തോന്നിയത്. പണം ഉണ്ടാക്കുക തന്നെ ചാനലിന്റെ ലക്ഷ്യമെങ്കിലും ഈ പരിപാടി അതില്‍ പങ്കെടുക്കുന്നവരുടെ സത്യസന്ധത കൊണ്ടും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്തം തന്നെയാണ്. ശിശു പീഡന വാര്‍ത്തകള്‍ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായി നമ്മളെ സ്പര്‍ശിക്കുന്ന രീതിയില്‍ ഒരുപക്ഷെ ഇതാദ്യമായിട്ടയിരിക്കും. അമീര്‍ ഖാന്റെ വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അവതരണവും പരിപാടിയുടെ നേട്ടമാണ്. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 




അജീജന്‍…..

               എനിക്ക് നേരിയ ഓര്‍മ്മയുള്ളപ്പോഴാണ് അച്ചാച്ചന്‍ മരിച്ചത്.. പിന്നീട് മറ്റുള്ളവര്‍ പറഞ്ഞു കേട്ടത് വെച്ചു മെനഞ്ഞെടുത്ത രൂപമാണ് എനിക്കെന്റെ അച്ചാച്ചന്‍... തഴപ്പായ കച്ചവടമായിരുന്നു അച്ചാച്ചന്. തഴപ്പായ നെയ്ത്ത് ഇന്നാട്ടില്‍ ഒരു കുടില്‍ വ്യവസായമായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് നെയ്ത്തറിയുന്നവര്‍ പാടേ ചത്തു കെട്ടുപോയിരിക്കുന്നു. കൊടുങ്ങല്ലൂര്‍ നിന്ന് കടത്തു കടന്നു കാല്‍നടയായി,

എന്താണ് ആ മാനേജര്‍ ചെയ്ത കുറ്റം ?



     അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബാങ്ക് മാനേജര്‍ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജയിലില്‍ ആയി. ലോണ്‍ കിട്ടാത്തതിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആയ ഗോപിക ആത്മഹത്യ ചെയ്ത കേസില്‍ ആണ് എച് ഡി എഫ് സി ബാങ്ക് ശാസ്ത്രി റോഡ്‌ മാനേജര്‍ ജോബി അറസ്റ്റിലായത്. ഇന്ന് പത്രം വായിച്ചപ്പോഴാണ് ഈ സംഭവം നടന്നത് എച് ഡി എഫ് സി ബാങ്കില്‍ ആണെന്ന് മനസ്സിലായത്‌. ഈ സംഭവത്തിന്റെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ 

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ -
     ഗോപിക ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമായ ഒരു സംഭവം തന്നെ. പക്ഷെ അതിനു ഇപ്പറഞ്ഞ മാനേജര്‍ മാത്രമാണോ ഉത്തരവാദി ? നമ്മുടെ ദേശസാല്‍കൃത ബാങ്കുകള്‍ എന്തുകൊണ്ട് ഗോപികയുടെ രക്ഷക്കെത്തിയില്ല ? അവിടെ ഗോപിക അപേക്ഷിച്ചിരുന്നോ ? അല്ലെങ്കില്‍ അവിടെയൊക്കെ എന്ത് സംഭവിച്ചു ? ഒടുവില്‍ ഒരു സ്വകാര്യ ബാങ്കിനെ എന്തുകൊണ്ട് അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു എന്ന ചോദ്യങ്ങളോ അതിനുള്ള ഉത്തരങ്ങളോ എവിടെയും കണ്ടില്ല.വിദ്യാഭ്യാസ ലോണുകളുടെ അപേക്ഷകള്‍ നിരസിക്കുന്നതും അതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഇപ്പോള്‍ ഒരു വാര്‍ത്ത‍ അല്ലാതായി മാറിയിരിക്കുന്നു. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ഫീസ്‌ താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആണോ ഗോപിക ലോണിനു അപേക്ഷിച്ചത് ? അതോ പുറത്തെ ഏതെങ്കിലും വിദ്യാഭ്യാസ കച്ചവട സ്ഥാപനത്തില്‍ പോയി പഠിക്കാനായിരുന്നോ ഈ വായ്പ ?


എന്തുകൊണ്ട് വിദ്യാഭ്യാസ വായ്പ ?
    എപ്പോഴാണ് ഒരു കുട്ടിക്ക് വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്നത് ? കനത്ത ഫീസ്‌ ഉള്ള എന്തെങ്കിലും കോഴ്സ് പഠിക്കേണ്ടി വരുമ്പോള്‍. അല്ലേ ? ഇത് ഏതൊക്കെ സാഹചര്യങ്ങളില്‍ സംഭവിക്കാം ? മെറിറ്റ്‌ അടിസ്ഥാനത്തില്‍ ഉള്ള മിക്ക കോഴ്സുകളിലും ഫീസ്‌ താരതമ്യേന കുറവാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ അതില്‍ കടന്നു കൂടാന്‍ പറ്റാതെ വരുമ്പോള്‍ ആണ് അടുത്ത വഴിയെ പറ്റി ആലോചിക്കുന്നത്. നിങ്ങള്‍ക്കറിയാം നമ്മുടെ സ്വാശ്രയ കോളജുകളിലെ ഫീസ്‌ ഘടനയെക്കുറിച്ച്. സ്വാഭാവികമായും വന്‍ പണ ചെലവ് വേണ്ടി വരുന്ന അവസ്ഥയില്‍ ഒരു ലോണിനെ പറ്റി ചിന്തിക്കും. മറ്റുള്ള വായ്പകളെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പലിശ കുറവും വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി കൂടുതലും ആണ്. അതായതു നിങ്ങള്‍ പഠിച്ചു ഒരു ജോലി വാങ്ങി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടയ്ച്ചു തുടങ്ങാവുന്ന രീതിയില്‍ ആണ് മിക്ക വിദ്യാഭ്യാസ വായ്പകളും. ഒരു ലോണ്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ലോണ്‍ തിരിച്ചടയ്ക്കും എന്ന് എത്ര ഉറപ്പുള്ള ആളാണെങ്കിലും നൂലാമാലകള്‍ ഏറെയാണ്‌. ദേശീയ ബാങ്കുകളില്‍ പലതും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് വായ്പകള്‍ ഇഷ്യൂ ചെയ്യുന്നത്.


എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ അനുവദിക്കുന്നത് ?
    മറ്റേതൊരു വായ്പയും പോലെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് ഇതും അനുവദിക്കുന്നത്. ആകെ ഒരു വ്യത്യാസം എന്നത് തിരിച്ചടവിന്റെ രീതിയില്‍ ആണ്. മേല്‍പറഞ്ഞത്‌ പോലെ അതിനു ഒരുപാടു കാലാവധി ലഭിക്കും. വിദ്യാഭ്യാസ വായ്പ കൊടുക്കുമ്പോള്‍ അപേക്ഷകന്‍ എന്ത് പഠിക്കാനാണ് ഈ വായ്പ എടുക്കുന്നത് ? അതിനു എത്രത്തോളം തൊഴില്‍ സാധ്യത ഉണ്ട് ? അത് വഴി അയാള്‍ ഈ വായ്പ തിരിച്ചടക്കാനുള്ള സാധ്യത എത്രയുണ്ട് എന്നതൊക്കെ പരിഗണിക്കപ്പെടും. അതായത് , എന്ത് കോഴ്സ് പഠിക്കാനും ലോണ്‍ വേണം എന്ന് പറഞ്ഞു ചെന്നാല്‍ കൊടുക്കേണ്ട ബാധ്യത ബാങ്കിന് ഇല്ല എന്നര്‍ത്ഥം. വിപണിയില്‍ പ്രിയമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് അങ്ങോട്ട്‌ ചെന്ന് ലോണ്‍ ഓഫര്‍ ചെയ്യാറുണ്ട്. ഐ ഐ എം , ഐ ഐ ടി മുതലായ ഇടങ്ങളില്‍ ഏകദേശം നൂറു ശതമാനം വിദ്യാര്‍ത്ഥികളും ലോണില്‍ തന്നെ ആണ് പഠിക്കുന്നത്.

എന്തുകൊണ്ട് ജോബി കുറ്റക്കാരന്‍ അല്ല 
     എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഈയിടെ നമ്മുടെ ഒരു ന്യൂ ജെനെറേഷന്‍ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നു. കൃത്യം ഒരു മാസം ആയപ്പോള്‍ പുള്ളിക്കാരി രാജി വച്ചു. അവര്‍ പറഞ്ഞാണ് ഇത്തരം ബാങ്കുകളിലെ അതി കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഒരു ഐഡിയ കിട്ടിയത്. കടുത്ത മത്സരം നില നില്‍ക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ അത് മൂലമുള്ള തൊഴില്‍ സമ്മര്‍ദ്ദവും വളരെ കൂടുതലാണ്. ഒരു തരത്തിലും ഉപഭോക്താക്കളെ ബഹുമാനിക്കാത്ത നമ്മുടെ ദേശ സാല്‍കൃത ബാങ്കുകള്‍ പോലെയല്ല ഇത്തരം സ്വകാര്യ ബാങ്കുകള്‍. കസ്റ്റമര്‍ എന്തെങ്കിലും സൌന്ദര്യ പിണക്കത്തിന് ചെറിയ ഒരു പരാതി കൊടുത്താല്‍ ആരുടേയും പണി പോകുന്ന തരത്തിലാണ് ഇവിടത്തെ തൊഴിലുകള്‍. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന മട്ടില്‍ തന്നെ ഡീല്‍ ചെയ്യുന്ന ബാങ്കുകളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നീണ്ടു നില്‍ക്കുന്ന തൊഴില്‍ സമയം ആണുള്ളത് . എപ്പോഴും ചിരിച്ച മുഖവുമായി സ്വന്തം പ്രശ്നങ്ങള്‍ ഒന്നും പുറത്തു പറയാന്‍ സാധിക്കാതത്ര സമ്മര്‍ദ്ദത്തില്‍ ആണ് പലപ്പോഴും ഇത്തരം ബാങ്കുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജോലിക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു ജോലി സാഹചര്യത്തില്‍ റിസ്ക്‌ എടുക്കാന്‍ എത്രത്തോളം അവര്‍ തയ്യാറാകും എന്നത് ചിന്തിക്കാവുന്നതാണ്. തിരിച്ചടയ്ക്കാത്ത ഒരു വായ്പക്ക് സമാധാനം പറയേണ്ടത് മാനേജര്‍ ആണ്. ഇത്തരം ബാങ്കുകള്‍ക്ക് ഒരു ചെറിയ വായ്പ പോലും ഉപേക്ഷിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഗുണ്ടകളെ ഉപയോഗിച്ചും മറ്റും അവര്‍ മുടക്കിയ പൈസ തിരിച്ചു പിടിക്കാന്‍ തുനിയുന്നത് ഇതുകൊണ്ടാണ്. ഈ ആത്മഹത്യയുടെ പേരില്‍ ജോബിയുടെ ഭാവി വെള്ളത്തിലായി എന്നത് മാത്രമാണ് ഇപ്പൊ സംഭവിച്ചിരിക്കുന്നത് 


എന്തുകൊണ്ട് ആതമഹത്യ ?
      ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം വായ്പ നിഷേധം അല്ല. വായ്പകളുടെ പേരില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ആണ്. ഏതു സാഹചര്യത്തില്‍ ആള്‍ക്കാര്‍ ഇതിനു തുനിയുന്നു എന്നത് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൌരവമുള്ള ഒരു വിഷയമാണ്. മരിച്ച കുട്ടിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ , ഈ വായ്പയുടെ കാര്യം തന്നെ എടുത്താല്‍ , ഒരു ബാങ്ക് വായ്പ നിഷേധിച്ചു എന്നതിന്റെ പേരില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു ഒരു കുട്ടി എന്തുകൊണ്ട് ആത്മഹത്യക്കൊരുങ്ങി എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കേരളത്തില്‍ വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന ഒരേ ഒരു ബാങ്ക് മാത്രമേ ഉള്ളോ ?  ഉയര്‍ന്ന  വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള മലയാളി എന്ത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും പക്വതയില്ലാതെ ഇത്തരം തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്നു എന്നത് ഒരു വിഷയമായി ആര്‍ക്കും തോന്നുന്നില്ലേ ? ഒരു ബാങ്ക് മാനേജര്‍ അറസ്ടിലായാല്‍ തീരുന്ന പ്രശ്നമാണോ ഇത് ? ചിന്തിക്കൂ. പ്രതികരിക്കൂ 

എന്റെ പ്രണയമേ.. എന്നില്‍ നിന്നകലാതെ

പ്രണയമേ.. നീ കുളിരൂറിയൊരു ചാറ്റല്‍ മഴപോലെ എന്നില്‍ പെയ്തു തുടങ്ങി. ഞാന്‍ ലയിച്ച നിന്റെ പ്രണയ മഴയില്‍ സംഗീതമുണ്ടായിരുന്നു. എന്റെ ഹൃദയത്തിന്റെ താളം അറിഞ്ഞു നീ പാടുന്ന സംഗീതം. എന്റെ വ്യഥകളെ കഴുകി വെടിപ്പാക്കി എന്നെ പുഞ്ചിരിപ്പിച്ച ദിനരാത്രങ്ങള്‍. എന്റെ കണ്ണുകളേയും മനസിനേയും നിന്നിലേക്ക്‌ മാത്രം തള്ളിവിട്ടു ഞാന്‍ സന്തോഷത്തിന്റെ നിർവൃതിയിലായിരുന്നു.
അറിയില്ല, ഇപ്പോള്‍ മഴമേഘങ്ങള്‍ ആകാശം വിട്ട് അകലും പോലെ നീയെന്നില്‍ നിന്നും അല്‍പാല്‍പമായി അകലുന്നുവോ...? അതോ സാഹചര്യം നമ്മെ അകറ്റുന്നുവോ പ്രിയനേ..
ഹൃദയം വേവുന്നു. നീയെന്നിലെ ആശ്വാസമായിരുന്നു, വേദനകള്‍ക്ക് സംഹാരിയായിരുന്നു. കൊഴിഞ്ഞു പോയ ഓര്‍മ്മകള്‍ അമ്പരത്തില്‍ വിരിയുന്ന നക്ഷത്ര പൂക്കള്‍ പോലെ തെളിയുന്നു. നീയെന്നില്‍ അലിഞ്ഞില്ലാതായിരുന്ന നാളുകള്‍ പടികടന്നകന്നു എന്നെനിക്കറിയാം.. ഇനിയുണ്ടാകില്ല എന്നുമറിയാം.
ചന്ദനം പുശിയ നിന്റെ മെയ്യും ചന്ദ്രകലപോല്‍ തെളിയുന നിന്‍ മുഖവും എന്റെ കണ്ണുകളിൽ മീന്‍ പോലെ പിടഞ്ഞ നാളുകള്‍.... ഇല്ല പ്രിയനേ ഇനിയുണ്ടാകില്ല ആ നല്ല ഓര്‍മ്മകള്‍.
'കണ്ണുകളുടെ കാഴ്ച കണ്ണുകള്‍ നഷ്ടമാകുംപോഴേ അറിയൂ' ഈ വാക്കുകള്‍ എത്ര സത്യമാണ്. നീ ഒരല്പം അകന്നപ്പോള്‍ ഞാന്‍ എന്തുമാത്രം വേദനിക്കുന്നു. നീ എനിക്കാണെന്നു അറിയാമെങ്കിലും ഞാനതെങ്ങനെ നേടിയെടുകും!!
സ്വര്‍ഗത്തിലെ പരിമളം വീശുന്ന പൂവുപോലെയാ എനിക്കുനിൻമുഖം. ഞാന്‍ അതില്‍ ഒരു വണ്ടായി പാറി നടന്നപോള്‍ എന്റെ കണ്ണുകള്‍ സുഖം കൊണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. അത്രക്കും ലോകത്തെ മറന്ന നിമിഷങ്ങള്‍. എന്റെ കണ്ണുകള്‍ നിന്നെയാണ് കാണാന്‍ കൊതിച്ചത്. എവിടേക്കാണ്‌ നീ അകലുന്നത്. ഇല്ല കഴിയില്ല നിനക്ക്
എന്നിലെ കാന്തിക വലയം നിന്നെ പിടിവിടില്ല. കഴിയുമോ നിന്നെ എന്നില്‍ നിന്നകറ്റാന്‍? ഇല്ല
അതാര്‍ക്കും കഴിയില്ല.
ഞാനെന്ന രൂപം മണ്ണില്‍ ലയികുവോളം നീയെന്റെ കൂടെയുണ്ട്. എന്റെ നെഞ്ചോട്‌ ചേര്‍ന്ന് എന്റെ ശ്വാസത്തില്‍ ലയിച്ച് ഓരോ നിമിഷവും

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ – റിവ്യൂ



    അങ്ങനെ ഇന്ന് ബാന്‍ഗ്ലൂര്‍ ഗോപാലന്‍ മാളില്‍ പോയി ഗ്രാന്‍ഡ്‌ മാസ്റ്റര്‍ കണ്ടു. അത്യാവശ്യം കുഴപ്പമില്ലാത്ത റിവ്യൂകള്‍ കണ്ടിട്ടാണ് ചിത്രത്തിന് പോയത്. അഗതാ ക്രിസ്ടിയുടെ ABC Murders ചൂണ്ടിയാണ് ഉണ്ണിയേട്ടന്‍ ഈ കഥ ഒപ്പിച്ചതെന്നും കേട്ടു. അങ്ങനെയാണ് ഇത് കാണാന്‍ തീരുമാനിച്ചത്. ചിത്രം കൊള്ളാം. പ്രമാണിയിലും സ്മാര്‍ട്ട്‌ സിറ്റിയിലും ഒക്കെ കാണാതിരുന്ന ഒരു മികവു തീര്‍ച്ചയായും ഈ ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ കാണിക്കുന്നുണ്ട്. 
പക്ഷെ അതേ സമയം തന്നെ ഒരുപാടു പാളിച്ചകളും ഉള്ള ഒരു ചതുരംഗ കളിയാണ് ഈ ചിത്രം. 

എന്താണ് കഥ ?
     മെട്രോ നഗരങ്ങളിലെ സുരക്ഷക്കായി രൂപീകരിച്ചിട്ടുള്ള സെല്ലിന്റെ ( ഇങ്ങനത്തെ ഒരു സാധനം നമ്മുടെ എല്ലാ ക്രൈം ത്രില്ലറുകളിലും കാണും. ) തലവന്‍ ആണ് ഒരു നല്ല ചെസ്സ്‌ കളിക്കാരന്‍ കൂടിയായ ചന്ദ്രശേഖരന്‍. വിവാഹ മോചനം നേടി ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രശേഖരന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ബുദ്ധി രാക്ഷസന്‍ ആണ്. സ്വന്തം ജീവിതത്തെയും ചതുരംഗ പലകയിലെ കറുപ്പും വെളുപ്പും ചതുരങ്ങള്‍ പോലെയാണ് അയാള്‍ കാണുന്നത്. എല്ലാം ഒരു ഗെയിം പോലെയും. അങ്ങനെ ഒരു ഒറ്റയാന്‍ ജീവിതം നയിക്കുന്ന ചന്ദ്രശേഖരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ബുദ്ധിമാനായ ഒരു കൊലയാളി. കൊലപാതകം നടക്കാന്‍ പോകുന്ന ദിവസത്തെയും സ്ഥലത്തെ പറ്റിയും വ്യക്തമായ സൂചനകള്‍ ചന്ദ്രശേഖരന് കൊടുത്തിട്ട് തന്റെ കൃത്യം നിര്‍വഹിക്കുന്ന ഒരു അതി ബുദ്ധിമാന്‍. മാത്രമല്ല കൊല നടത്തിയതിനു ശേഷം അയാള്‍ അവിടെ മനപൂര്‍വം ചില സൂചനകള്‍ അവശേഷിപ്പിക്കുന്നു. മരിച്ചവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ എ , ബി, സി എന്നിങ്ങനെ തുടര്‍ച്ചയായാണ് വരുന്നത്. കൊല നടക്കുന്ന സ്ഥലങ്ങളില്‍ അയാള്‍ ഉപേക്ഷിച്ചു പോകുന്ന അക്ഷര മാല പുസ്തകങ്ങളില്‍ ആ അക്ഷരം അയാള്‍ മാര്‍ക്ക്‌ ചെയ്യുന്നുണ്ട്. ഇരുളില്‍ മറഞ്ഞിരുന്നു കൊണ്ട് അരണ്ട വെളിച്ചത്തില്‍ കൌശലവും വെറിയും നിറഞ്ഞ ഒരു ചതുരംഗ പലകയിലേക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഗെയിം കളിയ്ക്കാന്‍ ചന്ദ്രശേഖറിനെ അയാള്‍ വെല്ലുവിളിക്കുന്നു. കാലാളുകളെ ഉന്തിയുന്തിയുള്ള അവരുടെ കളിയാണ് ഈ ചിത്രത്തിന്റെ കഥ. ഒടുവില്‍ ചെക്ക്‌ മേറ്റ്‌ വിളിക്കുന്നിടത്ത് ചന്ദ്രശേഖര്‍ കഥ അവസാനിപ്പിക്കുന്നു. 

മോഹന്‍ ലാല്‍ - ഈ ചിത്രത്തിന്റെ ഐശ്വര്യം 

    കാസനോവയുടെ റിവ്യൂവില്‍ ഞാന്‍ ലാലേട്ടനെ പറ്റി പറഞ്ഞത് നിങ്ങള്‍ക്ക് ഒരു പക്ഷെ ഓര്‍മയുണ്ടാവും.ചീര്‍ത്ത തടിയും ക്ഷീണിച്ച കണ്ണുകളുമായി ആ ചിത്രത്തിന് തന്നെ ബാധ്യതയായ ലാലേട്ടന്റെ വേറൊരു മുഖം ആണ് ചിത്രത്തില്‍. വെറും മുഖം എന്നൊന്നും പറഞ്ഞാല്‍ പോര. അത്യന്തം ഓജസ്സും ഉന്മേഷവും തുളുമ്പുന്ന പഴയ ലാലേട്ടനെ തീര്‍ച്ചയായും ഈ സിനിമയില്‍ കാണാം. മാത്രമല്ല മെലിഞ്ഞുണങ്ങി സുന്ദരന്‍ ആയിരിക്കുന്നു അദ്ദേഹം. കമ്പനിയില്‍ അദ്ദേഹം അവതരിപ്പിച്ച വളരെ sophisticated ആയ ഒരു പോലീസ് ഓഫീസറെ ആണ് അദ്ദേഹം മോഡല്‍ ആക്കിയിരിക്കുന്നത്. വസ്ത്ര വിധാനവും, ചെറിയ നര കയറിയ ഹെയര്‍ സ്റ്റൈല്‍ , വളരെ നിയന്ത്രിതവും പക്വവുമായ ശരീര ഭാഷയും അഭിനയവും കൊണ്ട് ലാലേട്ടന്‍ പണ്ടത്തെ അദ്ദേഹത്തിന്റെ സുവര്‍ണ കാലത്തിന്റെ ഓര്‍മ്മകള്‍ ശക്തമായി തിരികെ കൊണ്ട് വരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ  അഭിനയത്തിന്  ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നും ഉള്ള ഒരു തെളിവാണ് ഈ ചിത്രത്തിലെ ഗ്രാന്‍ഡ്‌ മാസ്ടറുടെ വേഷം. ഒരു കടുത്ത ലാലേട്ടന്‍ ഫാന്‍ ആയതു കൊണ്ടല്ല പറയുന്നത്. ഈ വേഷം ഇങ്ങനെ അവതരിപ്പിക്കാന്‍ മോഹന്‍ ലാലിന് തന്നെയേ പറ്റൂ. കാസനോവയില്‍ ലാലേട്ടന്‍ ഒരു ബാധ്യത ആയിരുന്നെങ്കില്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും അദ്ദേഹം തന്നെ. തന്റെ പ്രായത്തിനു യോജിച്ച ഇത്തരം ഒരു കഥാപാത്രത്തെ അതിമനോഹരമായി തന്നെ അദ്ദേഹം ആവിഷ്കരിച്ചു. നരേന്‍ , ജഗതി, പ്രിയാമണി, അനൂപ്‌ മേനോന്‍ ( സത്യം പറഞ്ഞാല്‍ പരമ ബോറന്‍ അഭിനയം. സുരേഷ് ഗോപി + മോഹന്‍ ലാല്‍ + മമ്മൂട്ടി അങ്ങനെ ഒരു മിക്സ്‌ ) , ബാബു ആന്റണി. കാസനോവയില്‍ ആ കള്ളന്റെ വേഷമിട്ട അര്‍ജുന്‍ നന്ദകുമാര്‍ ( ഇവന്‍ ഒരു മുതല്‍ക്കൂട്ടാണ് ) ഇങ്ങനെ ഒരുപാടു പേര്‍ ഉണ്ടെങ്കിലും അസാമാന്യമായ സ്ക്രീന്‍ കരിസ്മ കൊണ്ട് ലാലേട്ടന്‍ ഇവരെ ഒക്കെ ബഹുദൂരം പിറകിലാക്കി  

സാങ്കേതികം 

     സാങ്കേതികം എല്ലാം പതിവ് പോലെ തന്നെ. പക്ഷെ രണ്ടു പേര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒന്ന് . ക്യാമറ.  വിനോദ് ഇല്ലംപള്ളി ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അത്യുഗ്രന്‍ എന്ന് തന്നെ പറയാവുന്ന രീതിയില്‍ അദ്ദേഹം തന്റെ ജോലി ചെയ്തിരിക്കുന്നു. ഒരു കുറ്റാന്വേഷണ ചിത്രം ആണ് ഇതെന്ന് തോന്നിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ക്യാമറയുടെ കൂടി ഒരു മിടുക്കാണ്. രണ്ടാമത്തേത് . ജോസഫ്‌ നെല്ലിക്കന്റെ കല സംവിധാനം ആണ്. സാധാരണ ഷാജി കൈലാസ് ചിത്രങ്ങളില്‍ കാണുന്ന പോലെയുള്ള ബോറന്‍ പശ്ചാതലങ്ങള്‍ക്ക് പകരം കുറച്ചു കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അന്തരീക്ഷം ഒരുക്കുന്നതില്‍ നെല്ലിക്കന്‍ വിജയിച്ചിട്ടുണ്ട്. 

ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍ 
    ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. പക്ഷെ ഈ തിരക്കഥയില്‍ അദ്ദേഹം നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്. അതിന്റെ പച്ച മാത്രമേ ചിത്രത്തില്‍ ഉള്ളൂ. ഒരു ത്രില്ലര്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം ചെയ്യുന്ന ഒരേ ഒരു ജോലി ഒരു ട്വിസ്റ്റ്‌ കണ്ടു പിടിക്കുക എന്നത് മാത്രമാണ്. അല്ലാതെ ഉദ്വേഗ ജനകമായി അത് എങ്ങനെ പറയാം , സ്ക്രീനില്‍ എന്തൊക്കെയാണ് വരേണ്ടത് എന്നീ കാര്യങ്ങള്‍ ഒന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഉണ്ണികൃഷ്ണന്റെ ഇത്തരം ഒരു തിരക്കഥ വേറൊരാള്‍ സിനിമ ആക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസം അറിയണമെങ്കില്‍ ടൈഗര്‍ എന്ന ഒറ്റ ചിത്രം കണ്ടാല്‍ മതി. അതുകൊണ്ട് ഈ പണി അറിയാവുന്നവരെ തിരക്കഥ ഏല്‍പ്പിക്കുന്നതാവും അദ്ദേഹത്തിന്  നല്ലത് എന്ന് തോന്നുന്നു. 

മൊത്തത്തില്‍ ഇഷ്ടപ്പെട്ടത് 
ലാലേട്ടന്‍... ലാലേട്ടന്‍ ആന്‍ഡ്‌ ലാലേട്ടന്‍ ഒണ്‍ലി പിന്നെ.  പറയുകാണെങ്കില്‍ ബാബു ആന്റണി കൊള്ളാം.  
വേണ്ടായിരുന്നു എന്ന് തോന്നിയത് പ്രിയാമണി. ദേശീയ അവാര്‍ഡ്‌ കിട്ടിയ ഒരു അഭിനേത്രിക്ക് ഒന്നും ചെയ്യാനില്ലായിരുന്ന ഒരു റോള്‍ ആയിരുന്നു. അത് പോലെ തന്നെ അനൂപ്‌ മേനോന്‍. ഇത്രയും കൃത്രിമം അയ അഭിനയം സ്ഥിരമായി പുറത്തെടുത്തുകൊണ്ടിരിക്കുന്ന അനൂപിനെ എന്തിനു ഈ റോള്‍ ഏല്‍പ്പിച്ചു എന്നും തോന്നി. 

വാല്‍ക്കഷണം : 
     കൊലയാളി ഓരോ കൊലപാതകത്തിന് ശേഷവും ഒരു ആല്‍ഫബെറ്റ് ബുക്ക്‌ ഇട്ടിട്ടു പോകുന്നുണ്ട്. ആദ്യത്തെ ഇര ആലീസ് ആണ്. അവിടെ ഉപേക്ഷിച്ച പുസ്തകത്തില്‍ A for Apple എന്നത് വെട്ടി A for Alice എന്ന് എഴുതി വയ്ക്കുന്നുണ്ട്‌ അയാള്‍. സത്യം പറഞ്ഞാല്‍ ആ ഒറ്റ സീന്‍ കണ്ടപ്പോ തന്നെ എനിക്ക് കൊലയാളിയെ പിടി കിട്ടി. മാസ്റ്റര്‍ ടിന്റു മോന്‍ . എ ബി സി ഡി ഇത് വരെ പഠിക്കാന്‍ പറ്റാത്തതിലുള്ള നിരാശ കാരണം ടിന്റു ആണ് ഇതൊക്കെ ചെയ്തതെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറ്റിച്ചു കളഞ്ഞു 

തമസല്ലോ സുഖപ്രദം

 യേശുയപ്പച്ചാ പിടിക്കപ്പെടല്ലേ..... അപ്പായിക്ക്  മനസിലാകല്ലേ, തല്ല്  കിട്ടല്ലേ,  അമ്മ വഴക്കുപറയല്ലേ......  എന്നെ ഇറക്കിവിടല്ലേ ......എന്റെ കര്‍ത്താവേ രക്ഷിക്കേണമേ ..... ഞാന്‍ പിടിക്കപ്പടെല്ലേ........ ഇന്ന് ഞാന്‍ വിചാരിച്ചപ്പോലെ എല്ലാം നടന്നാല്‍ ഞാന്‍ നാളെ കുരിശടിയില്‍ മൂന്നു  മെഴുകുതിരി കത്തിച്ചേക്കാമെ.... പരുമലയിലെ അപ്പച്ച** പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകരുതേ..... കാത്തുകൊള്ളണേ................

"നീ എന്തു ആലോചിച്ചോണ്ടിരിക്കുവാ അരുണ്‍ " തലയില്‍ ഞോണ്ടികൊണ്ടുള്ള അനുപമയുടെ ചോദ്യം കേട്ടാണ് അരുണ്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
"കണക്കിന്റെ ഹോം വര്‍ക്ക് ചെയ്തു കഴിഞ്ഞോ നീയ്"

അരുണിന്റെ അമ്മയാണ് അനുപമ, സര്ക്കാര്‍ പ്രസ്സിലെ ടെക്ക്‍നിക്കല്‍ എന്‍ജിനിയര്‍ ആണ്. അച്ഛന്‍ അലക്സ് സിവില്‍ എന്‍ജിനിയര്‍ ആണ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.  കണ്‍മുന്‍പില്‍ നിന്നും ഓടിപ്പോകുന്ന അധിക, ഗുണിത, സമ ചിഹ്നങ്ങളെ നോക്കി നിര്‍വികാരതയോടെ  അരുണ്‍ പറഞ്ഞു ....

"ഇല്ല....."

"വേണ്ട..... ചെയ്യേണ്ട ..... എല്ലാം വെച്ചോണ്ടിരുന്നു ഒന്നും പഠിക്കാതെ നീ പരീക്ഷയ്ക്ക് മൊട്ട മേടിക്ക് ....... എന്നിട്ട് അത് ഞാന്‍ നിനക്ക് പുഴുങ്ങിത്തരാം....കേട്ടോ...............  ദൈവമേ...!!! എങ്ങനെ ഞാന്‍ ഇവനെ പഠിപ്പിച്ചെടുക്കും ഇത് ....." അനുപമ നീടുവീര്‍പ്പിട്ടു.


"അതേ......... ഈ ആറാംക്ലാസില്‍ നിന്നും ജയിച്ചു ഏഴില്‍ കയറണമെന്ന് നിനക്കു ഒട്ടു താത്പര്യമില്ലെ കുഞ്ഞേ.......ഞാന്‍ പറയുന്നതു നീ വെല്ലോം കേള്‍ക്കുന്നുണ്ടോ.... ശ്ശൊ!!..." അനുപമയുടെ നെടുവീര്‍പ്പുകലൂടെ എണ്ണം കൂടി എന്നല്ലാതെ നിര്‍വികാരതയോടെ അരുണ്‍ ഇരിക്കുകയായിരുന്നു. ഒറ്റപ്പെടലിന്റെ ജീര്‍ണ്ണത അവനെ നല്ലതായി ബാധിച്ചിരുന്നു. 

പുറത്തു കാര്‍ വന്നു നില്‍ക്കുന്ന ഒച്ചകേട്ടാണ് അനുപമ അരുണിനോടുള്ള വഴക്കു നിര്‍ത്തിയത്....... 

"ദോണ്ട് അപ്പ വന്നിടുണ്ട്..... നിനക്കുള്ളതു ഇപ്പോ ഞാന്‍ വാങ്ങിതരേണ്ടങ്കില്‍ ഞാന്‍ ഇട്ടു തന്ന മുഴുവന്‍ പ്രൊബ്ലെംസുകളും ഇപ്പോ തന്നെ തീര്‍ത്തോളനം..... " എന്നു പറഞ്ഞു അനുപമ വാതില്‍ തുറക്കാന്‍ പോയി. 
അരുണിന് എത്ര ശ്രമിച്ചിട്ടും പുസ്തകത്തിലെ ചിഹ്നങ്ങള്‍ യദാസ്ഥാനത്ത് നിര്‍ത്താന്‍ സാധിച്ചതെയില്ല. അവ പറന്നു നടക്കുകയാണ്...... ഈശോയേ!!!....  പണ്ട് താന്‍ പഠിച്ച ഗുണന പട്ടികയും ഞാന്‍ മറന്നോ. അഞ്ചേ ഗുണം അഞ്ചു എത്രയാ...... അങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ അരുന്‍റെ മനസിലൂടെ ഒരു ട്രെയിന്‍ കണക്കെ പോകുകയാണ് അതിനു താളമിട്ടുകൊണ്ട് ഹൃദയവും. 

തന്റെ പദ്ധതികള്‍ പ്രാവര്‍ത്തീകമാക്കുവാനുള്ള സമയം അടുത്തുകൊണ്ടിരിക്കുവാണ്. വെറും നാല്‍പ്പത്തഞ്ചു മിനിറ്റുകള്‍ കഴിയുമ്പോള്‍ തന്റെ പദ്ധതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പക്ഷേ  ചുമരിലെ ക്ലോക്കിന്റെ മിനിറ്റ് സൂചികള്‍ക്ക് എന്തേ ഇത്ര  കറങ്ങുവാന്‍ താമസം ..... എത്ര നേരമായി താന്‍ കാത്തിരിക്കുകയാണ് ....... പെട്ടന്നു ക്ലോക്കിന്റെ രൂപം അപ്പയുടെ മുഖമായി മാറുന്നത് അരുണ്‍ ഒരു ഞെട്ടലോടെ കണ്ടു..... അതിന്റെ  മിനിറ്റ് സൂചികള്‍ എവിടെ പോയി മറഞ്ഞു ...... അതിലെ അക്കങ്ങള്‍ അതാ അപ്പയുടെ കണ്ണും, മൂക്കും, വായും, മീശയുമായി രൂപാന്തരം പ്രാപിക്കുന്നു.... 

"ഡാ !!!!..നീ എന്തുചെയ്യുവാ.....നാളെ പരീക്ഷയല്ലേ......ഇങ്ങനെയിരുന്നാല്‍ എങ്ങനാ....." അപ്പയുടെ വിളിയുടെ ശക്തിയില്‍ നിന്നും മനസിലായി തനിക്കും ക്ലോക്കിനുമിടയില്‍ ശരിയ്ക്കുമുള്ള അപ്പയാണ് നില്‍ക്കുന്നത് എന്നു. 

അരുണിന്റെ ഉത്തരത്തിനോ, പ്രതികരണത്തിനോ  കാത്തു നില്‍ക്കാതെ അലക്സ് കൊടുക്കുവാനുള്ളത് കൊടുത്തു. അവസാനമായി "ശരിക്കും പഠിച്ചോണം" എന്നൊരു താക്കിതും കൊടുത്തു  ആലക്സ് കുളിമുറിയിലേക്കും,   അനുപമ അടുക്കളയിലേക്കും,  അരുണ്‍ കണക്ക് പുസ്തകത്തിലേക്കും, ക്ലോക്കിലെ സൂചികള്‍ ഒന്‍പത് മണിയിലേക്കും  നടന്നു. 

ഒരു പട്ടാള ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന സ്കൂളിലാണ് അരുണ്‍ പഠിക്കുന്നത്. അന്തര്‍ദേശീയ സ്കൂളില്‍ കൂട്ടുകൂടി, ചിരിച്ചു കളിച്ചു നടക്കാനൊന്നും പാടില്ല. രാവിലെ സ്കൂള്‍ ബസ്സില്‍ ചെന്നിറങ്ങിയാല്‍ നിയന്ത്രണങ്ങള്‍ തുടങ്ങുകയായി. അതിനു മുന്നോടിയായി ഒരു മണിയടിയുമുണ്ട്. ഓരോ മണിയ്ക്കും ഒരു അര്‍ത്ഥമുണ്ട്. ക്ളാസ്സില്‍ കേയറാന്‍ , ഇരിക്കാന്‍, നില്ക്കാന്‍, ഇറങ്ങാന്‍, സംസാരിക്കാന്‍, ടോയിലറ്റില്‍ പോകാന്‍, ഭക്ഷണം കഴിക്കാന്‍ അങ്ങനെ ഒരു യാന്ത്രികമായ ഒരു അന്തരീക്ഷം. എല്ലാം ആ മണിയേല്‍ ആശ്രയിച്ചാണ് നടക്കുന്നതു. ആ ചിട്ടകള്‍ അരുണിന്റെ ജീവിതത്തിലും ഒരു ശീലമായതുകൊണ്ടാണ് പണ്ട് പള്ളിയില്‍ കുര്‍ബ്ബാനക്കിടയിലെ  മണിയടി കേട്ടപ്പോള്‍ അരുണ്‍ അറിയാതെ മൂത്രമൊഴിച്ചത്. 

സാജു അരുണിന്റെ ബസ് കൂട്ടുകാരനാണ്. ബസ്സില്‍ വച്ചുള്ള കൂട്ട് മാത്രമേയുള്ളൂ അരുണിന് അവനോടു, കാരണം ബസ്സില്‍ നിന്നും ഇറങ്ങിയാല്‍ ഒന്നിങ്കില്‍ സ്കൂളിന്റെ നിയന്ത്രണങ്ങളിലേക്ക് അല്ലെങ്കില്‍ ഒറ്റപ്പെടലിന്റെ കോട്ടയായ വീട്ടിലേക്ക്. അല്ലാതെ ഒരുമിച്ച് കളിക്കുവാനോ, തമാശ പറയുവാനോ അവര്‍ക്ക് അവസരങ്ങള്‍ കിട്ടിയിരുന്നില്ല. ആ യാത്രകള്‍ക്കിടയിലുള്ള ചെറിയ സൌഹൃതം അരുണിന് വലിയ ആശ്വാസമായിരുന്നു. അങ്ങനെയാണ് അരുണിന്റെ പ്രശ്നങ്ങള്‍ സാജുവിനോടു അരുണ്‍ പറയുന്നതും, രണ്ടു ദിവസങ്ങളുടെ ചര്‍ച്ചകള്‍കോടുവില്‍ ഒരു ബുദ്ധി അവന്‍ കണ്ടു പിടിച്ച് അരുണിന്റെ ചെവിയില്‍ പറഞ്ഞു കൊടുത്തതും. ആ ബുദ്ധിയാണ് ഇന്ന് അരുണ്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. 

"അരുണ്‍ വാ ഡിന്നര്‍ കഴിക്കാം" അനുപമയുടെ വിളികേട്ട് ചിന്തകളെ കണക്ക് പുസ്തകത്തില്‍ അടച്ചു, ഏഴഞ്ഞു നീങ്ങുന്ന സൂചികളെ ഒന്നുകൂടെ നോക്കി അരുണ്‍ ഊണ് മേശയിലേക്ക് നടന്നു. അവിടെ അപ്പോഴേക്കും അപ്പയും അമ്മയും ഇരിന്നിരുന്നു. രണ്ടു ചപ്പത്തിയും തന്റെ ഇഷ്ട്ടപ്പെട്ട കോഴിക്കറിയും കഴിച്ചു വീണ്ടും അരുണ്‍ പഠിക്കാനിരുന്നതും.... കറണ്ട് പോയതും ഒരുമിച്ചായിരുന്നു. അരുണിന്റെ നെഞ്ചില്‍ ഒരു മിന്നല്‍ പാഞ്ഞു. 

"എന്റെ യേശുയപ്പച്ച !!!!....." അറിയാതെ അരുണ്‍ വിളിച്ച് പോയി......

"ഡാ....എന്താ....പേടിക്കേണ്ട...കറണ്ട് പോയതാ..... അപ്പ ഇപ്പോ വരാം...." അലക്സ് ഇരുട്ടത്തിരിക്കുന്ന അരുണിനെ സമാധാനിപ്പിച്ചു. എങ്കിലും അരുണിന്റെ മനസില്‍ ആശങ്കയുടെ പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു

"എന്താ അനു ഇന്‍വെര്‍ട്ടര്‍ വര്‍ക്ക് ചെയ്യാത്തെ.....ഇന്നലെവരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ...." അലക്സിന്റെ ചോദ്യം കേട്ടപ്പോള്‍ അരുണിന്റെ ഹൃദയം പെരുമ്പറയുടെ ഉച്ചസ്ഥായിലെത്തിയിരുന്നു. 

"ഈ ഇരുട്ടത്തു ഇനി അതേ പണിയേണ്ട......അരമണിക്കൂറിന്റെ കാര്യമല്ലേ.......കറണ്ട് വന്നിട്ട് നോക്കാം......മുന്‍വശത്തെ ഡോര്‍ പൂട്ടിയെക്കു അലക്സ്......താത്ക്കാലം ഇവിടിരിക്ക്..... അരുണ്‍ എവിടാ .....ഡാ .......വാ .....ഇനി കറണ്ട് വന്നിട്ട് പഠിച്ചാല്‍ മതി...... "

ഇരുട്ടത്തു തപ്പിത്തടഞ്ഞു അരുണ്‍ അനുപമയും, ആലേക്സും ഇരിക്കുന്നിടത്ത് എത്തി. അനുപമ അവനെ എടുത്തു തല അനുപമയുടെയും, കാലുകള്‍ അലെക്സിന്റെയും മടിയില്‍ വരത്തക്കവിധം കിടത്തി.....അനുപമയുടെ കൈവിരലുകള്‍ അരുണിന്റെ ജീവിതത്തില്‍ ആദ്യമായി  നെറുകയില്‍ ഒരു തലോടലായി മാറി..... അലക്സിന്റെ വിരലുകള്‍ അവന് ഒരു സുരക്ഷിത വലയം തീര്‍ത്തു.... അപ്പോള്‍ അവന്റെ മനസില്‍ അധിക, ഗുണിത, സമ  ചിഹ്നങ്ങള്‍ പറക്കലുകള്‍ മതിയാക്കി യഥാസ്ഥാനത്ത് വന്നിരുന്നു ചിരിക്കുന്നു. അവയോടു കൂട്ടുകൂടാനാനോ അവ തന്നെ വിളിക്കുന്നത്...... അതേ.... ഇന്നുവരെ വായിച്ചതെല്ലാം ഇപ്പോള്‍ മനസില്‍ തെളിയുന്നു..... ഇലഞ്ഞിത്തറ മേളം കൊട്ടി തീരുന്നത് പോലെ  മനസിലെയും, ഹൃദയത്തിലെയും താളങ്ങള്‍ അതാ ശാന്തമാകുന്നു.... കണ്ണുകള്‍ മെല്ലെ അടഞ്ഞു അരുണ്‍ പറക്കുകയാണ് കൂടെ കണക്കിലെ ചിഹ്നങ്ങളുമുണ്ട് ..... അതേ അരുണ്‍ അപ്പോള്‍ ജീവിതത്തിലെ വലിയ സന്തോഷം അനുഭവിക്കുകയായിരുന്നു.




**മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ  പ്രഖ്യാപിത പരിശുദ്ധനാണ്  പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി. 

വിട….



ഇത്രയും കാലം എനിക്ക് എല്ലാ പ്രോത്സാഹനവും തന്ന നല്ലവരായ വായനക്കാരോട് ...എന്‍റെ പ്രിയപ്പെട്ടവരോട് ...നന്ദി പ്രകടിപ്പിച്ചു  കൊണ്ട്  പറയട്ടെ ഞാനൊരു യാത്ര പോവുകയാണ്...
ആരോടും യാത്ര പറയുന്നില്ല...
സീതായനം ഇവിടെ നിങ്ങള്‍ക്കായി ബാക്കി വച്ച് സീത പടിയിറങ്ങുന്നു...
നന്ദി...എല്ലാരോടും നന്ദി മാത്രം...
സ്നേഹത്തോടെ
                                                           നിങ്ങളുടെ സ്വന്തം സീത